ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഇപ്പോഴത്തെ ശാന്തന്‍ പാറയിലുള്ള ടാങ്കുമേടില്‍ പാറപ്പലകകള്‍ വീടുപോലെ അടുക്കിവച്ച് ശാന്തന്‍ എന്ന മഹര്‍ഷി തപസനുഷ്ഠിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ പഞ്ചായത്തിന് ശാന്തന്‍പാറ എന്ന പേര്‍ ലഭിച്ചതെന്നും പറയപ്പെടുന്നു. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. ഇവരുടെ പിന്‍തലമുറക്കാരാണ് ഇന്നും ഈ പ്രദേശങ്ങളിലുള്ളത്. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് മറയൂര്‍ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചത്. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും, മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും വാവിളക്ക് മഹോത്സവവും, പാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും എല്ലാം മറയൂരും കാന്തല്ലൂരും ഉള്‍പ്പെട്ട അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു. തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് പഞ്ചായത്തിന്‍റേത്. തേയില, ഏലം, കാപ്പി എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കയ്യടക്കി വച്ചിരിക്കുന്നത്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. ശാന്തന്‍പാറ പ്രദേശങ്ങളില്‍ ഏലം കൃഷിയാണ് കൂടുതലുള്ളത്.